%%

തിരുവനന്തപുരം: ജീവന്‍ രക്ഷിക്കാനുളള പാച്ചിലില്‍ ഇനി നഗരങ്ങളിലെ ഗതാഗത കുരുക്ക് വില്ലനാവില്ല. അപകടസ്ഥലത്തുനിന്ന് ട്രാഫിക് കുരുക്ക് മറികടന്ന് ആശുപത്രിയിലേക്ക് വേഗമെത്തിച്ചേരാന്‍ സഹായിക്കുന്ന ബൈക്ക് ആംബുലന്‍സ് തലസ്ഥാനത്തെത്തി. നടന്‍ ഫഹദ് ഫാസില്‍ ബൈക്ക് ആംബുലന്‍സ് നിരത്തിലിറക്കിയത്.

ആംബുലന്‍സിന് എത്തിപ്പെടാന്‍ പ്രയാസമുളള ഇടുങ്ങിയ വഴികളും ഇനി ബൈക്ക് ആംബുലന്‍സിന് മുന്നില്‍ വഴിമാറും. നൂറോളം ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളുമെല്ലാം സജ്ജീകരിച്ചിട്ടുള്ളതാണ് ബൈക്ക് ആംബുലന്‍സ്. 9497247365 എന്ന മൊബൈല്‍ നമ്പറില്‍ ഒന്നു വിളിക്കുകയേ വേണ്ടു, പ്രത്യേക പരിശീലനം നേടിയ വിദഗ്ധര്‍ പാഞ്ഞെത്തി പ്രാഥമിക ചികിത്സ നല്‍കി തൊട്ടടുത്ത ആശുപത്രിയിലേക്കെത്തിക്കും.

വിദേശരാജ്യങ്ങളില്‍ ഇതിനകം സാധാരണമായിക്കഴിഞ്ഞ ബൈക്ക് ആംബുലന്‍സ് രാജ്യത്ത് വിരളമാണ്. ശംഖുമുഖത്ത് നടന്ന ചടങ്ങില്‍ നടന്‍ ഫഹദ് ഫാസില്‍ ബൈക്ക് ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ബൈക്ക് ആംബുലന്‍സിന്റെ സേവനമുണ്ടാകും.