ബൈക്കോടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

ആലപ്പുഴ:ബൈക്കോടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് യുവാക്കൾക്ക് ക്രൂരമർദ്ദനം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ മങ്കൊമ്പില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മർദ്ദനത്തിന് നേതൃത്വം നൽകിയ ആളെ ചങ്ങനാശ്ശേരി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന യുവാക്കളെ ഒരുസംഘം തടഞ്ഞുനിർത്തിയാണ് മർദിച്ചത്. വെള്ളക്കെട്ട് നിറഞ്ഞ എ സി റോഡിലൂടെ വേഗത്തിൽ ബൈക്കോടിച്ച് മനപൂര്‍വ്വം വെള്ളം തെറിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം.

മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീക്ക് എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. പരാതി മുണ്ടക്കയം പോലീസ് മങ്കൊമ്പ് പോലീസിന് കൈമാറി. ഭയം കാരണം മർദ്ദനമേറ്റ വിവരം യുവാക്കൾ ആദ്യം വീട്ടിൽ അറിയിച്ചിരുന്നില്ല. ശാരീരിക അവശതയെ തുടർന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.