മുംബൈ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് പത്തൊമ്പതുകാരി മരിച്ചു. കെബിപി ഹിന്ദുജ കോളേജ് വിദ്യാര്‍ത്ഥി ഗിരിജ അമ്പാലയാണ് മരിച്ചത്. ഇടിച്ച ബൈക്ക് ഗിരിജയെ നൂറ് മീറ്റര്‍ ദൂരത്തോളം വലിച്ചുകൊണ്ടുപോയി. ഡിവൈഡറില്‍ തട്ടി ഗിരിജയുടെ തലയോട് പൊട്ടി. ഗിരിജയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുണാല്‍ സുരേന്ദ്ര വൈദ്യ (21) പരിക്കുകളോടെ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9.30 ഓടെ വോര്‍ളി അഴിമുഖത്തിന് സമീപമാണ് ഇരുവരെയും ബൈക്ക് ഇടിക്കുന്നത്. ഗിരിജയെ ഇടിച്ച ബൈക്കില്‍ അവളുടെ വസ്ത്രം കുടുങ്ങിയിരുന്നു. തുടര്‍ന്ന് ബൈക്ക് ഗിരിജയെയും കൊണ്ട് 100 മീറ്ററോളം നീങ്ങിയെന്നും ഇത് പെണ്‍കുട്ടിയുടെ തലയോട് പൊളിയാന്‍ കാരണമായെന്നും കുണാലിന്റെ പിതാവ് പറഞ്ഞു. മൂന്ന് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മറ്റ് രണ്ടുപേര്‍ ഒളിവിലാണ്. 

തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് പരമാവതി ശിക്ഷ നല്‍കണമെന്ന് ഗിരിജയുടെ പിതാവ് ഗംഗ മുരളി അമ്പാല പറഞ്ഞു. ഗിരിജയുടെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രക്തം വാര്‍ന്നുപോയതിനാല്‍ ഇത് നടന്നില്ലെന്നും പിതാവ് വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

photo courtesy: mid-day.com