Asianet News MalayalamAsianet News Malayalam

പ്രസവാവധി ആറുമാസമായി കൂട്ടാനുള്ള ബില്‍  രാജ്യസഭ പാസാക്കി

Bill allowing 6 month maternity leave passed in RS
Author
New Delhi, First Published Aug 11, 2016, 2:15 PM IST

ദില്ലി: പ്രസവാവധി ആറുമാസമായി കൂട്ടാനുള്ള ബില്‍ രാജ്യസഭ പാസാക്കി. ബില്ല് ഇനി ലോക്‌സഭ പരിഗണിക്കണം. കൂടുതല്‍ സ്ത്രീകളെ തൊഴിലിടങ്ങളില്‍ ചേരാന്‍ ബില്ല് പ്രേരിപ്പിക്കുമെന്ന് വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. 

നിലവിലെ നിയമപ്രകാരം സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളത്തോടെയുള്ള പ്രസവാവധി 12 ആഴ്ച, അതായത് 84 ദിവസമാണ്. ഇത് 26 ആഴ്ച അതായത് 184 ദിവസമായി കൂട്ടാനുള്ള സുപ്രധാന നിയമഭേദഗതിക്കാണ് രാജ്യസഭ ഒറ്റക്കെട്ടായി അനുമതി നല്‍കിയത്. പത്ത് ജീവനക്കാരില്‍ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. 

പ്രസവ തീയതിക്ക് ആറ് ആഴ്ച മുമ്പ് മാത്രമേ അവധി തുടങ്ങാവൂ എന്നായിരുന്നു നിലവിലെ വ്യവസ്ഥ. ഇത് എട്ടാഴ്ച മുമ്പ് മുതല്‍ അവധിയെടുക്കാം എന്നാക്കി മാറ്റി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇപ്പോഴുള്ള 12 ആഴ്ച എന്ന വ്യവസ്ഥ തുടരും. 3 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്ക് മൂന്നു മാസത്തെ അവധിക്ക് ബില്ല് നിര്‍ദ്ദേശിക്കുന്നു. മറ്റൊരു സ്ത്രീയില്‍ അണ്ഡം നിവേശിപ്പിച്ച് കുട്ടികളെ നേടുന്നവര്‍ക്കും ഈ അവധിക്ക് അര്‍ഹതയുണ്ടാകും. 

പ്രസവാവധിക്ക് ശേഷവും വനിതാ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് സ്ഥാപന ഉടമകള്‍ ഒരുക്കണമെന്നും ബില്ല് നിര്‍ദ്ദേശിക്കുന്നു. പ്രസവ അവധിക്കു ശേഷം എത്ര നാള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന കാര്യം സ്ഥാപന ഉടമയും ജീവനക്കാരിയും തമ്മിലുള്ള കരാറിലൂടെ തീരുമാനിക്കണം. 50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ കുട്ടികളെ നോക്കാനുള്ള ക്രഷ് സൗകര്യം ഒരുക്കണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു. 

ഒരു ദിവസം ജോലിക്കിടെ നാലു തവണ ഈ ക്രഷ് സന്ദര്‍ശിക്കാന്‍ സ്ഥാപന ഉടമ സമയം അനുവദിക്കണം. വനിതാ ജീവനക്കാരുടെ നിയമന ഉത്തരവില്‍ തന്നെ ഈ എല്ലാ ആനുകൂല്യങ്ങളും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമഭേദഗതിയിലുണ്ട്. 

പ്രസവ അവധി കൂട്ടുന്നത് സ്ഥാപനങ്ങള്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാത്തതിന് കാരണമാകുമെന്ന് കരുതുന്നില്ലെന്നും കൂടുതല്‍ പേര്‍ തൊഴില്‍ രംഗത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബില്‍ തയ്യാറാക്കിയ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. അവധി ആറുമാസമല്ല ഒരു വര്‍ഷമായി കൂട്ടണമെന്ന് ജയാബച്ചന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios