സാമ്പത്തിക തട്ടിപ്പുകേസില്‍ ബിനോയ് കോടിയേരി, പരാതിക്കാരനായ മര്‍സൂഖിയുമായി ചര്‍ച്ച നടത്തി. അടച്ചു തീര്‍ത്ത രണ്ടു മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് തിരിച്ചു നല്‍കണമെന്ന് ബിനോയ് ആവശ്യപ്പെട്ടു. എന്നാല്‍ സിവില്‍ കേസിലെ ഒരു മില്യണ്‍ ദിര്‍ഹം അടച്ചു തീര്‍ക്കുകയാണെങ്കില്‍ ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് മര്‍സൂഖി സ്വീകരിച്ചത്.
കേസ് ഒത്തുതീര്‍പ്പാക്കി യാത്രാവിലക്ക് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിനോയ് കോടിയേരി, പരാതിക്കാരനായ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നു മില്യണ്‍ ദിര്‍ഹത്തിന്റെ പരാതിയാണ് മര്‍സൂഖി ബിനോയിക്കെതിരെ നല്‍കിയിരുന്നത്. ഇതില്‍ രണ്ടു മില്യണ്‍ നേരത്തെ കോടതിയില്‍ ബിനോയി അടച്ചു തീര്‍ത്തതാണ്. ബാക്കിയുള്ള ഒരു മില്യണ്‍ ദിര്‍ഹമിന്റെ പേരിലാണ് ഇപ്പോഴത്തെ സിവില്‍ കേസ്. എന്നാല്‍ നേരത്തെ കോടതിയില്‍ അടച്ചു തീര്‍ത്ത രണ്ടു മില്യണിന്റെ ചെക്ക് ബിനോയിക്ക് ഇതുവരെ മര്‍സൂക്കി തിരിച്ചു നല്‍കിയിട്ടില്ല. ഈ ചെക്ക് ഉപയോഗിച്ച് വീണ്ടും സിവില്‍ കേസ് നല്‍കുമോയെന്നതാണ് ബിനോയിയെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത്.
അതേസമയം നിലവിലുള്ള സിവില്‍ കേസ് ഒരു മില്യണിന്റേതാണെങ്കിലും ഏഴുലക്ഷം ദിര്‍ഹം മാത്രമേ കൊടുത്തുതീര്‍ക്കാനുള്ളൂവെന്നാണ് ബിനോയ് പറയുന്നത്. എന്നാല്‍ ഒരു മില്യണ്‍ ദിര്‍ഹം മുഴുവനായി കിട്ടണമെന്ന നിലപാടിലാണ് യു.എ.ഇ പൗരന്‍. രാഹുല്‍കൃഷ്ണയാണ് ഇപ്പോഴത്തെ സമവായ ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്ന അഭിപ്രായവും ബിനോയ് പക്ഷത്തിനുണ്ട്. വഴിവിട്ട ഇടപാടുകളിലൂടെ മര്‍സൂഖിയില്‍ നിന്ന് കോടികള്‍ രാഹുല്‍ കൈക്കലാക്കിയിരുന്നു. ഇതില്‍ ഒരു ഭാഗം ബിനോയില്‍ നിന്ന് മേടിച്ചെടുക്കാനുള്ള നീക്കമാണ് രാഹുലിന്റേതെന്നാണ് ബിനോയിയുമായി അടുത്ത വൃത്തങ്ങള്‍ കരുതുന്നത്.
അതേസമയം ബിനോയിക്ക് കോടതിയില്‍ നല്‍കാനുള്ള തുക വാഗ്ദാനം ചെയ്തുകൊണ്ട് ചില ഗള്‍ഫ് വ്യവസായികള്‍ രംഗത്തെത്തിയെങ്കിലും ആലോചനകള്‍ക്ക് ശേഷം സ്വീകരിച്ചാല്‍ മതിയെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെയും അഭിപ്രായം. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ ഗള്‍ഫ് വ്യവസായി, ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായും വിവരങ്ങളുണ്ട്.
