തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ദുബായിലെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. എന്നാല്‍ ബിനോയ് 13 കോടി നല്‍കാനുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപക്കുള്ള(ഒരു മില്യണ്‍ ദുബായ് ദിര്‍ഹം) കേസ് മാത്രമാണ് നിലവിലുള്ളതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മില്യണ്‍ ദിര്‍ഹത്തിനുള്ള കേസ് മാത്രമെ ഉള്ളൂവെന്നാണ് ആദ്യമേ പറയുന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞ് പരത്തിയിരിക്കുന്നത് 13 കോടി രൂപ നല്‍കാനുണ്ടെന്നാണ്. താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണെന്നും കുടുംബമുള്ളവരാണെന്നും ബിനീഷ് പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും അതിന്റെ ഗുണം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണ്.

അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇതൊക്കെ കുറേക്കാലമായി നടക്കുന്നതാണെന്നും വലിയ കാര്യമാക്കി എടുക്കുന്നില്ലെന്നും ബിനീഷ് പറഞ്ഞു. പറയുന്നവര്‍ ഇനിയും പറഞ്ഞോട്ടെ. ബിനോയിയുടെ യാത്രാവിലക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് അവന്‍ അവിടെ നിന്നോട്ടെയെന്നും നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ലെന്നുമായിരുന്നു ബിനിഷീന്റെ പ്രതികരണം.