ദില്ലി:കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായി ഉണ്ടായ പരാതിയില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തി. വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ കേന്ദ്രനേതാക്കളില്‍ ചിലര്‍ അതൃപ്തരാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടുവെന്ന് പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടി കേന്ദ്രനേതാക്കളില്‍ പലരും കരുതുന്നു.
പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബാഹ്യഇടപാടിലൂടെ പ്രശ്നം പരിഹരിക്കുന്നത് ക്ഷീണമാക്കുമെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഭവം പാര്‍ട്ടിക്കെതിരായുള്ള ആയുധമായി മാറുമെന്നിരിക്കേ ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന വികാരമാണ് കേന്ദ്രനേതാക്കളില്‍ പലരും പങ്കുവയ്ക്കുന്നത്. ഇത്രഗൗരവകരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് അത് പിബി ചര്‍ച്ച ചെയ്യണമെന്ന് അവര്‍ കരുതുന്നു. അതേസമയം ബിനോയിക്കെതിരായ രേഖകള്‍ സീതാറാം യെച്ചൂരി വഴിയാണ് ചോര്‍ന്നതെന്ന അഭ്യൂഹം പ്രചരിക്കുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
