എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബിനെതിരെ വീണ്ടും കേസ്. സാറ്റസിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

സ്‌ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടാമത്ത് കേസിലാണ് ബിനോയ് ജേക്കബ് പ്രതിയാകുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുരെയും ബിനോയ് ജേക്കബിനെ പൊലീസ് കസ്റ്റഡിയിലെടുക്കയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഇതിനിടയാണ് മറ്റൊരു സ്‌ത്രീ കൂടി ആരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യ ജീവനക്കാരെതിരെ സ്‌ത്രീകളുടെ പേരില്‍ വ്യാജ പരാതിയുണ്ടാക്കിയ കേസിലും ബിനോയ് പ്രതിയാണ്. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി പരാതി അന്വേഷിച്ചുവരുകയാണ്. എയര്‍- ഇന്ത്യ സാറ്റ്സിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘം വിമാനത്താവളത്തിലും സാറ്റ്സിന്റെ ഓഫീസിലും റെയ്ഡും നടത്തിയിരുന്നു. ചില ഉന്നത ബന്ധങ്ങളുപയോഗിച്ചാണ് എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്‍മാന്‍ പൊലീസ് കേസുകളില്‍ നിന്നു രക്ഷപ്പെടുന്നതെന്നും ആരോപണമുണ്ട്.