ദുബായ്:സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാനുള്ള ബിനോയ് കോടിയേരിയുടെ ശ്രമം നീളുന്നു. പലിശയടക്കം തിരിച്ചുകിട്ടണമെന്ന നിലപാടിലാണ് യുഎഇ പൗരന്‍.ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്‍റെയും പരാതി.

ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നല്‍കിയ സിവില്‍ കേസില്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്കുണ്ട്. ദുബായ് അടിയന്തിരകോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

കേസിലെ വസ്തുതകള്‍ പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്‍ കഴിയുമോ ഇല്ലയോ എന്ന തീരുമാനം കോടതിയുടെ പരമാധികാരത്തില്‍പെട്ടതായിരിക്കും. ഒഴിവാക്കാന്‍ സാധിക്കാതെ പക്ഷം സിവില്‍ കോടതി വിധിയുടെ നടപടികള്‍ക്ക് ശേഷം മാത്രമേ യാത്രാവിലക്ക് നീക്കുകയുള്ളൂ.