ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി ക്ഷണിച്ചതെന്ന് ഔദ്യോഗിക വിശദീകരണം

ദില്ലി:ദില്ലിയില്‍ മേയ് രണ്ടിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ക്ഷണിച്ചതായി മുതിര്‍ന്ന ഉദ്യോഗസഥന്‍. വിവാദ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി ദില്ലിക്ക് വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.

യോഗത്തിലേക്ക് ബിപ്ലവ് ദേബിന് ഒരു മാസം മുമ്പ് ക്ഷണം ലഭിച്ചെന്നും എന്നാല്‍ ബിപ്ലബ് ദേവ് യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിക്ക് പോകുന്നുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി പറയുന്നു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തതെന്നും സെക്രട്ടറി പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിപ്ലവ് നടത്തിയ പ്രസ്താവനകള്‍ കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ കറവ പശുവിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഒടുവിലായി ബിപ്ലവ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.