തകഴിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച കര്‍ഷകന്റ താറാവുകളെ മാത്രം പ്രത്യേകമായി നിരീക്ഷിക്കാനും രോഗം ബാധിച്ചവയെ കൊല്ലാനുമുള്ള തീരുമാനമാണ് കര്‍ഷകരെ പ്രകോപിപ്പിക്കാന്‍ കാരണം. ഇതേ സ്ഥലത്ത് മറ്റ് കര്‍ഷകരുടെ താറാവുകളും കൂട്ടത്തോടെ ചാകുന്നുണ്ട്. പക്ഷിപ്പനിയാണ് ഇവ മരിക്കാന്‍ കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടില്ലാത്തതിനാല്‍ ഒന്നും ചെയ്യാനില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഇതോടെ കൊല്ലുന്നെങ്കില്‍ മുഴുവന്‍ താറാവുകളേയും കൊല്ലണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചത്ത താറാവുകളെ കത്തിച്ച് കളയാനുള്ള തീരുമാനം അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്. നാളെ പഞ്ചായത്ത് തലത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതന – പാണ്ടിയില്‍ 180 രോഗം സ്ഥിരീകരിച്ച താറാവുകളെ അധികൃതര്‍ കൊന്ന് സംസ്‌കരിച്ചു. മുട്ടാറില്‍ 600ഉം തകഴി 396ഉം ചത്ത താറാവുകളെ സംസ്‌കരിച്ചു. പക്ഷിപ്പനി നേരിടുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ചാകുന്ന താറാവുകളുമായി ലാബില്‍ പോയി പരിശോധിച്ച് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചാലേ സഹായം കിട്ടുവെന്ന അവസ്ഥയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.