മൂന്ന് പക്ഷികള്‍ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് ദില്ലി മൃഗശാല അധികൃതര്‍ അടച്ച് പൂട്ടിയത്.ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തെക്കന്‍ ദില്ലിയിലെ മാന്‍പാര്‍ക്കിലും,സുന്ദര്‍ നഗറിലും,തുഗ്ലക്കാബാദിലും പക്ഷികള്‍ ചത്തിട്ടുണ്ടെന്ന വിവരം അധികൃതര്‍ മനസ്സിലാക്കിയത്..ഇവയുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി ജലന്ധറിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഇതിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പതിനഞ്ച് പക്ഷികള്‍ ചത്തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.മൃഗ ശാലകള്‍ക്ക് സമീപമുള്ള പക്ഷികളാണ് ചാവുന്നതെന്നതിനാല്‍ പക്ഷിപ്പനി പുറത്തേക്ക് പടര്‍ന്നെന്ന നിഗമനത്തിലാണ് മൃഗ സംരക്ഷണ വകുപ്പ്.എന്നാല്‍ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും പരിസരത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്താല്‍ അധികൃതരെ അറിയിക്കണമെന്നും ദില്ലി വികസനവകുപ്പ് മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ് പക്ഷിപ്പനി എന്നതുകൊണ്ട് വേണ്ട നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു..അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ക്വിക് റെസ്‌പോണ്‍സ് ടീം തയ്യാറാണെന്നും മനുഷ്യരിലേക്ക് പടര്‍ന്നാല്‍ ചികിത്സിക്കാനുള്ള മരുന്ന് സജ്ജമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി..കഴിഞ്ഞ 13 വര്‍ഷത്തിനിടെ 856 പേര്‍ക്ക് പക്ഷി പനി പിടിപെട്ടിട്ടുണ്ടെന്നും ഇതില്‍ 452 പേര്‍ക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നുമാണ് കണക്കുകള്‍.കടുത്ത പനിയും തൊണ്ട വേദനയും വയറുവേദനയുമാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍..