കോട്ടയം: കേരളത്തിൽ ആലപ്പഴയ്ക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, ഐമനം പഞ്ചായത്തുകളിൽ നിന്ന് പരിശോധക്കായി അയച്ച 12 സാംപിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലുന്നത് ആലപ്പുഴയിൽ തുടരുകയാണ്.

ആലപ്പുഴയിൽ താറാവുകൾക്ക് വന്ന അതേ രോഗമാണ് കോട്ടയത്തും സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ മനുഷ്യരിലേക്ക് പടരാത്ത H5N8 വൈറസ് ബാധമൂലമുണ്ടാകുന്ന പക്ഷിപ്പനിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് ഇന്ന് മാത്രം 293 താറാവുകൾ ചത്തു. മൊത്തം 3125 താറാവുകൾ ഇതുവരെ ചത്തിട്ടുണ്ടെന്നാണ് കണക്ക് .

കുമരകത്തും താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. താറാവുകൾ ചത്താൽ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാതെ സംസ്കരിക്കരുതെന്ന് കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന് സംസ്കരിക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം.

നാളെ കോട്ടയത്ത് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ എന്തൊക്കെ നടപടി എടുക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലുന്ന നടപടികൾ ദ്രൂതകർമ്മ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. പക്ഷിപ്പനി ബാധയെ തുടർന്ന് 18000ലധികം താറാവുകളെയാണ് ആലപ്പുഴയിൽ സംസ്കരിച്ചത്.

ഭോപ്പാലിൽ നിന്ന് പരിശോധനാഫലം വരാൻ വൈകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പ്രഖ്യാപനം വന്നെങ്കിലും സർക്കാർ ഉത്തരവിറക്കാത്തതിനാൽ ഇതുവരെ വിതരണം തുടങ്ങാനായിട്ടില്ല.