കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി ലക്ഷണം കണ്ടെത്തിയ ആറായിരം താറാവുകളെ നാളെ കൊന്നൊടുക്കും. രോഗ ബാധ കണ്ടത്തിയെ പ്രദേശത്ത് മൂന്നു മാസത്തേയ്ക്ക് പുതുതായി താറാവു വളര്‍ത്തൽ അനുവദിക്കേണ്ടെന്നും കലക്ടറുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആലപ്പുഴയിൽ ഇതിനകം 27,000 താറാവുകളെയാണ് കൊന്നത് .

പക്ഷിപ്പനി സ്ഥിരീകരിച്ച ആര്‍പ്പൂക്കര,അയ്മനം പ‌ഞ്ചായത്തുകളിലാണ് രോഗലക്ഷണം കാണിക്കുന്ന താറാവുകളെ കൊന്നൊടുക്കുന്നത് . ഇതിനായ ആറു പേര്‍ വീതമുള്ള പത്തു ടീമുകളെ നിയോഗിച്ചു. 3125 താറാവുകളാണ് ജില്ലയിൽ ഇതുവരെ പക്ഷി പ്പനി മൂലം ചത്തത്.

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് വിതരണം ചെയ്യും. രോഗബാധിത പ്രദേശത്ത് നിന്ന് മുട്ട വില്‍പന അനുവദിക്കില്ല. രോഗബാധ കണ്ടെത്തിയ പ്രദേശത്ത് 51,000 താറാവുകളെയാണ് വളര്‍ത്തുന്നത്. കൂടുതൽ താറാവുകള്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാൻ മുന്‍കരുതൽ നടപടികളെയുക്കും.

രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നത്. കോഴികളിലേയ്ക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളുമെടുക്കും. ആലപ്പുഴയിൽ പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച പള്ളിപ്പാട് 9 താറാവുകളെ ദ്രുത കര്‍മസേന കൊന്നു സംസ്‍കരിച്ചു .