2025-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടൽ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്ന് ഡോണൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ 200% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്രംപ്  

വാഷിങ്ടൺ: ഇന്ത്യയെയും പാകിസ്ഥാനെയും വിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും നിഷേധിക്കുന്നതിനിടെ, 2025 ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ താൻ ഇടപെട്ട് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ഡോണൾഡ് ട്രംപ് രംഗത്തെത്തി. ബോർഡ് ഓഫ് പീസ് ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപ് വീണ്ടും അവകാശവാദമുന്നയിച്ചത്. ഇരുരാജ്യങ്ങളും പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

സംഘർഷത്തിനിടെ ഇരുഭാഗത്തുമായി 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ വിമാനങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്ക് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന. 2025 മെയ് മാസത്തിലുണ്ടായ സായുധ സംഘർഷത്തിൽ യാതൊരുവിധ മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വിസമ്മതിച്ചിരുന്നുവെങ്കിലും, ദൗത്യത്തിൽ പങ്കെടുത്ത ഒരു പൈലറ്റും കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.

'പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം വലിയതായിരുന്നു. ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു, അദ്ദേഹം ഇപ്പോൾ നമ്മളെ വീക്ഷിക്കുന്നുണ്ടാകുമെന്നും എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്താനും ആണവായുധ രാജ്യങ്ങളാണെന്ന ഗൗരവം കണക്കിലെടുത്താണ് താൻ ഇടപെട്ടതെന്നാണ് ട്രംപിന്റെ വാദം. ബോർഡ് ഓഫ് പീസ് ചടങ്ങിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ട്രംപ് ഇതിനിടെ എഴുന്നേൽപ്പിച്ച് നിർത്തിയതും സദസ്സിൽ അല്പം അസ്വാഭാവികമായ നിമിഷങ്ങൾക്ക് കാരണമായി.