ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പിയ്‌ക്ക് 33 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 27 വോട്ടുകളാണ് കിട്ടിയത്.നിയമസഭാ സ്‌പീക്കര്‍ ആയി ബിജെപിയിലെ യുവ്‍നം ഖേംചന്ദ് തെരഞ്ഞെടുക്കപ്പെട്ടു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 21 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ചെറു കക്ഷികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

31 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ നാലംഗങ്ങള്‍ വീതമുള്ള എന്‍പിപിയും നാഗ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ പിന്തുണച്ചു. ഇതുകൂടാതെ ഒരു എല്‍ജെപി അംഗത്തിന്റെയും, ഒരു തൃണമൂല്‍ അംഗത്തിന്റെയും ഒരു സ്വതന്ത്രന്റെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണ ബിരേന്‍ സിംഗിന് ലഭിച്ചു.

വിശ്വാസ വോട്ട് നേടിയതോടെ അസമിനും, അരുണാചല്‍ പ്രാദേശിനും പിന്നാലെ ബിജെപി അധികാര മുറപ്പിക്കുന്ന മൂന്നാമത്തെ വടക്കു കിഴക്കന്‍ സംസ്ഥാനമായി മണിപ്പൂര്‍. അതേസമയം ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങളെ ശിവസേന വിമര്‍ശിച്ചു. അഴിമതിയുടെ സഖ്യമാണ് ഗോവയിലേതെന്നും ബിജെപിയെ ജനം തള്ളിക്കളഞ്ഞതാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. താത്കാലിക സര്‍ക്കാരാണ് ഗോവയിലേതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.