Asianet News MalayalamAsianet News Malayalam

ഹരിയാനയില്‍ പൊലീസിന്‍റെ ഓപ്പറേഷന്‍ ബിരിയാണി; വയറ്റത്തടിച്ച് വഴിയോര കച്ചവടക്കാര്‍

Biriyani raid in Hariyana
Author
First Published Sep 9, 2016, 11:07 PM IST

ദില്ലി: ബക്രീദിന്‌ മുന്നോടിയായി ഹരിയാനയില്‍ ബിരിയാണി കടകളില്‍ പോലീസിന്റെയും മൃഗസംരക്ഷണ അധികൃതരുടെയും വ്യാപക റെയ്‌ഡ്‌. മുസ്‌ളിങ്ങള്‍ താരതമ്യേന കൂടുതലുള്ള മേവാത്‌ ജില്ലയിലെ കടകളിലാണ് പരിശോധന കര്‍ശനമാക്കിയത്‌. ബിരിയാണി ഉണ്ടാക്കാന്‍ ബീഫ്‌ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ റെയ്‍ഡെന്നാണ് പൊലീസിന്‍റെ വിശദീകരണം. കടകളിലെത്തി ബിരിയാണി രുചിച്ചും ഇളക്കിനോക്കിയുമൊക്കെയാണ് പൊലീസിന്‍റെ പരിശോധന. ഇതോടെ വഴിയോരത്ത് ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്ന ആയിരങ്ങള്‍ പട്ടിണിയിലായി.

ബീഫ് പരസ്യമായി വില്‍ക്കുന്നില്ലെങ്കിലും ബിരിയാണി കടകളില്‍ ചോറിട്ടു മൂടി രഹസ്യമായി വില്‍ക്കുന്നുണ്ടെന്ന നിലപാടിലാണ് ഹരിയാന പോലീസ്. അതിനാലാണ് ബിരിയാണി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതെന്നാണ് ഡിഐജി ഭാരതി അറോറയുടെ ഭാഷ്യം. എന്നാല്‍ ബിരിയാണിയില്‍ പോത്തിറച്ചിയും കോഴിയിറച്ചിയും മാത്രമാണ് ഉപയോഗിക്കുന്നതെന്ന്  കച്ചവടക്കാര്‍ ആണയിടുന്നു. പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഡല്‍ഹി - അല്‍വാര്‍ റോഡരികിലെ ചെറുകിട കച്ചവടശാലകളൊക്കെ അടഞ്ഞു കിടക്കുകയാണ്.

Biriyani raid in Hariyana ഹരിയാനയില്‍ പാതയോരത്ത് ആളൊഴിഞ്ഞു കിടക്കുന്ന ബിരിയാണി വില്‍പ്പനശാലകള്‍ (ഫോട്ടോ : പ്രവീണ്‍ ഖന്ന, ഇന്ത്യന്‍ എക്സ്പ്രസ്സ്)

 

പിടിച്ചെടുക്കുന്ന സാമ്പിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ബീഫ്‌ ഉപയോഗിക്കുന്ന വിവരം നല്‍കാനായി പോലീസ്‌ ജാഗ്രതാസമിതികളും രൂപീകരിച്ചിട്ടുണ്ട്‌. നിയമലംഘനത്തിന് 10 വര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അറസ്റ്റിലായാല്‍ ജാമ്യവും ലഭിക്കില്ല. ബീഫ് ഉപയോഗം തടയാനുള്ള നടപടികളുടെ ഭാഗമായാണ് റെയ്ഡ് എന്ന് ഗോസംരക്ഷണ കര്‍മസേന നോഡല്‍ ഓഫീസര്‍ ഭാരതി അറോറ അവകാശപ്പെട്ടു. കച്ചവടക്കാര്‍ ബിരിയാണിയില്‍ ബീഫ് ഉപയോഗിക്കുന്നതായി ഹരിയാന ഗോസേവ  ആയോഗ്  അധ്യക്ഷന്‍ രാം മംഗ്ലയാണ് പരാതി നല്‍കിയത്.

അതേസമയം വിവിധ സംഘടനകള്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബക്രീദ് വേളയില്‍  സര്‍ക്കാര്‍ തങ്ങളെ ബോധപൂര്‍വം അപമാനിക്കുകയാണെന്ന് മുസ്ലീം സമദായാംഗങ്ങളുടെ പ്രതികരണം. ബലാത്സംഗകേസിലെ പ്രതികളെയും കള്ളന്മാരെയും പിടികൂടാന്‍ ഒരു താല്‍പ്പര്യവും കാട്ടാത്ത പൊലീസ് തങ്ങളെ അപമാനിക്കാന്‍ ഇഷ്ടംപോലെ സമയം കണ്ടെത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ജോലി ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണിതെന്നും പ്രത്യേക വിഭാഗത്തിന്മേലുള്ള ഈ നടപടികളെ നേരിടുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. എന്നാല്‍ പരിശോധനകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പോലീസ് തീരുമാനം.

 

Follow Us:
Download App:
  • android
  • ios