കെട്ടിട നിർമാണ സാമഗ്രികളുടെ വില്‍പ്പന നടത്തുന്ന സുന്ദറിനെയും ശ്യാമിനെയും പണം ആവശ്യപ്പെട്ട് അജ്ഞാതരായ ചിലര്‍ ബന്ധപ്പെടുകയായിരുന്നു.
ലക്നൗ: പണം നൽകാൻ വിസമ്മതിച്ചതിന് ബിസിനസുകാരായ സഹോദരങ്ങളെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബിസിനസുകാരായ ശ്യാം സുന്ദർ ജയ്സ്വാൾ (55) ശ്യാം മുരാത് ജയ്‌സ്വാൾ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കെട്ടിട നിർമാണ സാമഗ്രികളുടെ വില്‍പ്പന നടത്തുന്ന സുന്ദറിനെയും ശ്യാമിനെയും പണം ആവശ്യപ്പെട്ട് അജ്ഞാതരായ ചിലര്‍ ബന്ധപ്പെടുകയായിരുന്നു. പണം നൽകാൻ ഇരുവരും തയ്യാറാവാതെ വന്നതോടെ സംഘം ഫോൺ വഴി ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ പണം നൽകാൻ സാധിക്കില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെ വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
