ഭുവനേശ്വർ: പുൽ‌വാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മര്‍ദ്ദിച്ച് ബിജു ജനതാദള്‍(ബിജെഡി) എംഎല്‍എ ദേബശിഷ് സമന്തരേ. ജവാന്റെ ബന്ധുവിനെ മർദ്ദിക്കുന്ന എംഎല്‍എയുടെ  വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പ്രചരിച്ചതോടെ ദേബശിഷിനെതിരെ  വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കാശ്മീരിലെ പുൽ‌വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മനോജ് ബെഹ്‌റ(33) എന്ന ഒഡീഷ സ്വദേശിയായ സിആര്‍പിഎഫ് ജവാന്റെ സംസ്കാര ചടങ്ങുകൾക്കിടെയായിരുന്നു എംഎല്‍എയുടെ കയ്യേറ്റമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബെഹ്‌റയുടെ  ബന്ധുവിനോടാണ് ദേബശിഷ് ക്രൂരമായി പെരുമാറിയത്. ബന്ധുവിനെ എംഎൽഎ ശക്തമായി  പിടിച്ചു വലിക്കുന്നതും കഴുത്തിന് പിടിച്ച് നിലത്ത് തള്ളിയിടുന്നതും വീഡിയോയിൽ കാണാം. സംഭവ വേളയിൽ ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജെനയും എംഎല്‍എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു. 

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍  എംഎല്‍എയുടെ കോലം കത്തിച്ചു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ദേബശിഷ് സമന്തരേ ഇതുവരെയും തയ്യാറായിട്ടില്ല.