കോട്ടയം: വിശ്വാസയോഗ്യമല്ലാത്ത വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ച് പലവട്ടം പൊല്ലാപ്പ് പിടിച്ചിട്ടുള്ളവരാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍. കോട്ടയത്തും സമാനമായ ഒരു ആരോപണവുമായി ജില്ലയിലെ നേതാക്കള്‍

കോട്ടയം: വിശ്വാസയോഗ്യമല്ലാത്ത വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ച് പലവട്ടം പൊല്ലാപ്പ് പിടിച്ചിട്ടുള്ളവരാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍. കോട്ടയത്തും സമാനമായ ഒരു ആരോപണവുമായി ജില്ലയിലെ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കുറി സംഭവം നിസാരമല്ല. കൃത്യമായ തെളിവോ ആധികാരിക വിവരങ്ങളോ ഇല്ലാതെ രാജ്യദ്രോഹക്കുറ്റമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരി കുമരകത്തെ ഒരുപറ്റം കശ്മീര്‍ യുവാക്കള്‍ക്കെതിരെ ഉന്നയിക്കുന്നത്.

വിനോദസഞ്ചാരകേന്ദ്രമായ കുമരകത്ത് ദേശവിരുദ്ധശക്തികള്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് ഹരിയുടെ ആരോപണം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ പലരും ഇവിടം താവളമാക്കുന്നുവെന്നും ഹരി പറയുന്നു. 'താന്‍ മുമ്പ് പട്ടാളത്തെ കല്ലെറിഞ്ഞിട്ടുണ്ടെന്ന അവകാശവാദവുമായി പ്രചരിച്ച കശ്മീര്‍ യുവാവിന്റെ വീഡിയോ സന്ദേശമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുവാവ് തന്റെ ശരീരത്തില്‍ ചില്ല് തറഞ്ഞുകയറി മുറിഞ്ഞ ഭാഗങ്ങള്‍ സുഹൃത്തുക്കളെ കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് പട്ടാളക്കാരുടെ വെടിയേറ്റപ്പോഴുണ്ടായതല്ലേയെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ മലയാളത്തില്‍ ചോദിച്ച് പറയിക്കുന്നതും വ്യക്തമായി കേള്‍ക്കാനാകും. ഇതോടെ ബി.ജെ.പി നേതാക്കള്‍ കുമരകത്ത് കച്ചവടത്തിനെത്തിയ അഞ്ചോളം കാശ്മീരികള്‍ക്ക് രാജ്യദ്രോഹ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു.

വീഡിയോ…

'ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ നിന്നും സാധനം വാങ്ങിയാല്‍ 15 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇവരില്‍ പലരും കേരളത്തില്‍ നിന്നും ആധാര്‍ കാര്‍ഡ് വരെ സ്വന്തമാക്കി. കച്ചവടത്തിന് കടകള്‍ മോഹവിലയ്ക്കാണ് ഇവര്‍ വാങ്ങിയെടുക്കുന്നത്. ഇത് എങ്ങനെയെന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണ്. താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികളുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം നിലച്ചതും ഈ സംഭവങ്ങളുമായി കൂട്ടിച്ചേര്‍ത്തു വായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രചരിക്കുന്ന വീഡിയോ സുഹൃത്തുക്കളുമായി പറഞ്ഞ കളിതമാശ മാത്രമായിരുന്നുവെന്നാണ് കശ്മീര്‍ യുവാവിന്റെ വാദം. വിഷയം ഇങ്ങനെയായി തീരുമെന്ന് താന്‍ കരുതിയില്ല. പട്ടാളത്തെ കല്ലെറിഞ്ഞപ്പോളല്ല, ചില്ലു തെറിച്ചു കൊണ്ടാണ് കാലില്‍ പാടുണ്ടായതെന്നും ഇയാള്‍ പറയുന്നു.

കശ്മീര്‍ യുവാവിന്റെ സുഹൃത്തായ ടാക്‌സി ഡ്രൈവറാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ടൂറിസ്റ്റുകളെ കാന്‍വാസ് ചെയ്ത് കടകളിലെത്തിക്കുന്ന വ്യാപാരികളും ചില ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ കുമരകം പോലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോയുടെ ആധികാരിത പരിശോധിക്കാതെ ബി.ജെ.പി നേതാവ് എടുത്തു ചാടി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നുവെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.