Asianet News MalayalamAsianet News Malayalam

ശബരിമല: സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരുന്നു; ബിജെപി കോർ കമ്മിറ്റി കൊച്ചിയിൽ

ശബരിമലയിലെ സംഘർഷാത്മകമായ സ്ഥിതി കണക്കിലെടുത്ത് ഭാവിയിൽ സ്വീകരിക്കേണ്ട നയപരിപാടികൾ ചർച്ച ചെയ്യാൻ ബിജെപിയും കോൺഗ്രസും യോഗം ചേരുകയാണ്. ബിജെപിയുടെ കോർ കമ്മിറ്റി യോഗം കൊച്ചിയിലും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗം തിരുവനന്തപുരത്തുമാണ് നടക്കുന്നത്.

bjp and congress meet in kochi and trivandrum
Author
Kochi, First Published Nov 16, 2018, 4:24 PM IST

കൊച്ചി: ശബരിമലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസിന്‍റെയും ബിജെപിയുടെയും യോഗങ്ങൾ ചേരുകയാണ്. ബിജെപി അടിയന്തരമായി കോർ കമ്മിറ്റി കൊച്ചിയിൽ വിളിച്ചു ചേർത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുലർച്ചെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇതുവരെ മടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി എന്ത് സമരപരിപാടികൾ വേണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. രാവിലെ മുതൽ ബിജെപിയുടെ കൂടി നേതൃത്വത്തിലാണ് തൃപ്തി ദേശായിക്കെതിരെ ഉപരോധസമരം നടത്തുന്നത്. ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയടക്കം ഉപരോധസമരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

തുടർസമരം തീരുമാനിക്കാൻ കോൺഗ്രസും

ശബരിമലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എങ്ങനെ തുടർസമരം നടത്തണമെന്നാലോചിക്കാൻ തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യസമിതി യോഗം ചേരുകയാണ്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം. ശബരിമല സമരത്തിൽ കോൺഗ്രസ് ബിജെപിയുടെ 'ബി' ടീമായി കോൺഗ്രസ് മാറിയെന്ന വിമർശനം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ പുതിയ സമരപരിപാടികൾക്ക് രൂപം നൽകാനുള്ള ആലോചന രാഷ്ട്രീയകാര്യസമിതിയിലുണ്ടാകും. നേരത്തേ നിശ്ചയിച്ചുറപ്പിച്ച യോഗമാണിത്. മണ്ഡല-മകരവിളക്ക് കാലത്ത് എങ്ങനെ സർക്കാരിനെതിരെ സമരം ശക്തമാക്കാമെന്ന നയരൂപീകരണമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. 

ശബരിമലയിൽ ദർശനം നടത്താനെത്തിയ തൃപ്തി ദേശായിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇതിനെ എതിർത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തെത്തി. തൃപ്തിയ്ക്ക് കോൺഗ്രസ് ബന്ധമുള്ളതായി തനിയ്ക്ക് യാതൊരു അറിവുമില്ലെന്നാണ് മുല്ലപ്പള്ളി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios