നിലയ്ക്കലിൽ പൊലീസും ബിജെപി നേതാക്കളും തമ്മിൽ വാക്കേറ്റം. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതായിരുന്നു കാരണം. ഇതിനിടയിൽ എത്തിയ സി കെ പത്മനാഭൻ പൊലീസ് നിർദേശം പാലിച്ച് കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോവുകയും ചെയ്തു.

നിലയ്ക്കല്‍: സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. ബിജെപി നേതാക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടര്‍ന്നാണ് നിലയ്ക്കലില്‍ വാക്കേറ്റമുണ്ടായത്. സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും വേണമെങ്കില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകാമെന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു. 

ഭക്തജനങ്ങളെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും വിഐപി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്ത് നിയമപ്രകാരമാണ് വാഹനങ്ങള്‍ തടയുന്നതെന്നും ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭക്തരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ഇതിനിടയിൽ എത്തിയ സി കെ പത്മനാഭൻ പൊലീസ് നിർദേശം പാലിച്ച് കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോവുകയും ചെയ്തു. വാഹനങ്ങള്‍ കടത്തിവിടാതെ പിന്‍മാറില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീട് ബിജെപി നേതാക്കള്‍ കെസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയി. 

അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് യുവതികള്‍ മടങ്ങിപ്പോയി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പവരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനിച്ചത്. ഇതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഭക്തര്‍ നടപ്പന്തലില്‍ പ്രതിഷേധിച്ചു. മൂന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി നടപ്പന്തലില്‍ തടയുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു.