തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മക്കള്‍ക്കുമെതിരെ ബിജെപി എൻഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കോടിയേരി ബാലകൃഷ്ണന്‍റെ മക്കളായ ബിനീഷിന്‍റേയും ബിനോയിയുടേയും സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധകൃഷ്ണനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് പരാതിക്ക് നല്‍കിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍അഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് വന്‍തോതിലുള്ള പണമിടപാടുകളും ഹവാല കടത്തും മക്കള്‍ നടത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ പലവ്യവസായികളുമായും സ്ഥാപനങ്ങളുമായും ബിനീഷ് കോടിയേരിക്കുള്ള ബന്ധങ്ങളും ഇപ്പോള്‍ ബിനോയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.