തിരുവനന്തപുരം: ബിജെപി നേതാവ് ജെആര്‍ പദ്മകുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിലക്ക്. ആര്‍എസ്എസിന്‍റെയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പദ്മകുമാറിനോട് കുമ്മനം തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം.
ചാനല്‍ ചര്‍ച്ചകളില്‍ പദ്മകുമാറിന്റെ നിലപാടുകള്‍ എതിരാളികളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നാണ് ആര്‍.എസ്.എസ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പദ്മകുമാറിനെ മാറ്റി നിര്‍ത്തണമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ച മുതലാണ് പദ്മകുമാറിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്.
ചര്‍ച്ചയില്‍, ബ്രിട്ടീഷ് സര്‍ക്കാരിന് ആറ് തവണ മാപ്പ് എഴുതി നല്‍കിയ ആളാണ് സവര്‍ക്കറെന്ന് പദ്മകുമാര്‍ സമ്മതിച്ചിരുന്നു. എതിര്‍ പാര്‍ട്ടിക്കാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു പദ്മകുമാറിന്റെ സമ്മതം. പദ്മകുമാറിന്റെ പ്രസ്താവന പാര്‍ട്ടിക്കും ആര്‍.എസ്.എസിനും ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതേതുടര്‍ന്നാണ് പദ്മകുമാറിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യമുയര്‍ന്നത്. ദീന്‍ദയാല്‍ ഉപാധ്യായുടെ സംഭാവനകള്‍ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിനും പദ്മകുമാറിന് ഉത്തരമുണ്ടായില്ല. മുത്തലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ ഒരു പരാമര്‍ശമാണ് പെട്ടന്നുള്ള നടപടിക്കുള്ള കാരണം. മുസ്ലീം വ്യക്തി നിയമബോര്‍ഡില്‍ സ്ത്രീകള്‍ അംഗങ്ങളല്ലെന്ന് പദ്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് വനിതാ അംഗങ്ങള്‍ ഇതില്‍ അംഗങ്ങളാണെന്ന് മറ്റ് പാനല്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
