മലപ്പുറം: വെള്ളാപ്പള്ളിയുടെ മനസാക്ഷി വോട്ട് ആഹ്വാനം എന്‍.ഡി.എ പ്രകടനത്തെ ബാധിക്കില്ലെന്ന് ബി.ജെ.പി. വെളളാപ്പള്ളിയെ പിണക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതാക്കൾ.
എൻ.ഡി.എ എങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിക്കാൻ ബി.ഡി.ജെ.എസ് വേങ്ങരയിൽ ആദ്യം ഇറങ്ങിയില്ല. പാര്‍ട്ടിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ബി.ജെ.പി കേന്ദ്ര നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിണക്കം മാറിയത്. ബി.ഡി.ജെ.എസ് വേങ്ങരയിൽ ബി.ജെ.പിക്കായി വോട്ടു പിടിക്കാനിറങ്ങി. പക്ഷേ വെള്ളാപ്പള്ളിയുടെ പിണക്കം തീര്‍ന്നില്ല. ബി.ഡി.ജെ.എസ്, എന്‍.ഡി.എ വിടണമെന്ന നിലപാടുകാരനായ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം അണികളോട് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. എന്നാൽ ഇത് എന്‍.ഡി.എ വോട്ടു കുറയ്ക്കില്ലെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
തികഞ്ഞ ഒത്തൊരുമയോടെയാണ് ബി.ജെ.പിയും ബി.ഡി.ജെ.എസും പ്രചാരണ രംഗത്തുള്ളതെന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതിനിടെ ബി.ജെ.പി സംസ്ഥാന നേതാക്കളിൽ മിക്കവരും ജനരക്ഷായാത്രയുടെ തിരക്കിലാണ്. അതിനാൽ ഇരുമുന്നണികളിലേതും പോലെ കൂട്ടത്തോടെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ വേങ്ങരയിലേയ്ക്ക് എത്തുന്നില്ല. 2016ലേതിനെക്കാള്‍ വോട്ട് വിഹിതം ഉയര്‍ത്താൻ ലക്ഷ്യമിട്ട് ബൂത്ത് കേന്ദ്രീകരിച്ചാകും ബി.ജെ.പിയുടെ വരും ദിവസങ്ങളിലെ പ്രവര്‍ത്തനം.
