കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പി ഡയറക്ടറായിട്ടുള്ള ഇൻഡസ് മോട്ടോഴ്സ് കന്പനി സർക്കാർ ഭൂമി കയ്യേറിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കോഴിക്കോട് ചെറുവണ്ണൂരിൽ 11 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് പരാതി.

ചെറുവണ്ണൂരിൽ വെസ്റ്റ് ഇന്ത്യാ സ്റ്റീൽസിന് വ്യവസായത്തിനായി സർക്കാർ പങ്കാളിത്തത്തോടെ അനുവദിച്ച ഭൂമി അബ്ദുൾ വഹാബ് എപിയുടെ കമ്പനി കയ്യടക്കിയത് തിരിച്ച് പിടിക്കണമെന്നാണ് ആവശ്യം.12.95 ഏക്കർ സ്ഥലമാണ് സർക്കാർ അനുവദിച്ചിരുന്നത്.1997 ൽ വെസ്റ്റ് ഇന്ത്യാ സ്റ്റീൽസ് അടച്ച് പൂട്ടിയതിന് ശേഷം ഈ ഭൂമി അബ്ദുൾവഹാബ് എം.പി ഡയറക്ടറായ ഇൻഡസ് മോട്ടോഴ്സ് കൈവശപെടുത്തി. 

വെസ്റ്റ് ഇന്ത്യാ സ്റ്റീൽസ് പാട്ടത്തിനായിരുന്നു ഇൻഡസിന് ഭൂമി നൽകിയത്. ഇത് നിയമ വിരുദ്ധവും കരാർ വ്യവസ്ഥയുടെ ലംഘനവുമാണ്. ഏഷ്യാനെറ്റ് ന്യൂസ് കയ്യേറ്റ വാർത്ത പുറത്ത് വിട്ടതിന്‍റെ അടിസ്ഥാനത്തിൽ ഒരേക്കറിലധികം സ്ഥലം സർക്കാർ ഏറ്റെടുത്തു. എന്നാൽ മുഴുവൻ സ്ഥലവും ഏറ്റെടുക്കാൻ ഇറക്കിയ ഉത്തരവ് പിന്നീട് മരവിപ്പിച്ചു. ഭൂമി തിരിച്ച് പിടിക്കാൻ ആവശ്യപ്പെട്ട് നേരത്തെ വിജിലൻസിന് പരാതി നൽകിയിരുന്നു.

പക്ഷെ അന്വേഷണത്തോട് റവന്യൂ വകുപ്പ് സഹകരിക്കുന്നില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് പരാതികാരൻ പറഞ്ഞു. കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ഡോ.എ ജയതിലക് 2008 ജൂലൈ 14 ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി ഹരന് നൽകിയ റിപ്പോർട്ടിൽ ഇത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നു..കോഴിക്കോട് നഗരത്തിൽ കോടികൾ വിലമതിക്കുന്നതാണ് ഇൻഡസ് കൈവശപെടുത്തിയിരിക്കുന്ന സ്ഥലം.