വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും ആരോപണം  

യവത്‍മാല്‍: വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും കാണിച്ച് ഇരുപതുകാരിയായ യുവതി നല്‍കിയ പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. 

വാണി മുനിസിപ്പല്‍ കൗണ്‍സിലിലെ കൗണ്‍സിലര്‍ ധീരജ് ദിഗംബര്‍ പാഥെയാണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് വാഗ്‍ദാനം നല്‍കിയ ശേഷം തന്നെ പ്ലസ് ടു മുതല്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും എന്നാല്‍ മുതിര്‍ന്നപ്പോള്‍ വിവാഹത്തിന് താന്‍ സമ്മതിക്കാതായതോടെ ഇത് പീഡനത്തിലേക്ക് തിരിയുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. 

'വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ നഷ്ടപരിഹാരമെന്ന പോലെ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ധീരജ് ആവശ്യപ്പെട്ടത്'- പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല സന്ദേശങ്ങളയച്ചതായും പെണ്‍കുട്ടി പരാതിപ്പെട്ടു. 

സംഭവം മാതാപിതാക്കളോട് തുറന്നുപറഞ്ഞതോടെ അവരാണ് പൊലീസില്‍ പരാതി നല്‍കാമെന്ന് തീരുമാനിച്ചത്. അറസ്റ്റിലായ ധീരജ് മുമ്പ് ഒരു ബലാത്സംഗക്കേസില്‍ പ്രതിയായിരുന്നു. ഈ കേസ് ഇനിയും കോടതിയിലെത്തിയിട്ടില്ല. അതിനിടെയാണ് ഇയാള്‍ക്കെതിരെ പുതിയ പരാതിയെത്തിയിരിക്കുന്നത്.