ദില്ലിയില്‍ നടന്ന കണ്‍വന്‍ഷനില്‍ കൈപ്പത്തി ചിഹ്നത്തെ ദൈവങ്ങളുമായി ബന്ധിപ്പിച്ചു സംസാരിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നം റദ്ദാക്കണമെന്ന് ബിജ.ജെ.പി ആവശ്യപ്പെട്ടു. 

നോട്ട് അസാധുവാക്കലിനെതിരെ നടന്ന കണ്‍വന്‍ഷനില്‍ രാഹുല്‍ഗാന്ധി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ബിജെപിയുടെ പരാതി. തങ്ങളുടെ ചിഹ്‌നത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ, ശിവന്റെയും ഗുരുനാനാക്കിന്റെയും മഹാവീറിന്റെയും ഹസ്രത്ത് അലിയുടേയും ചിത്രങ്ങളില്‍ കൈ ചിഹ്നമുണ്ട് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 

രാഹുലിന്റെ പ്രസംഗം മതപ്രീണനം നടത്തരുതെന്ന സുപ്രീംകോടതിയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവുകള്‍ ലംഘിക്കുന്നതാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രാഹുല്‍ഗാന്ധിക്ക് എതിരെ നടപടി വേണമെന്നും കൈപ്പത്തി ചിഹ്നത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഉത്തര്‍പ്രദേശ് ഘടകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. 

തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ഉത്തരാഖണ്ഡ് മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു എന്നാല്‍ രാഹുല്‍ മതപ്രീണനം നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു