പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ദിനത്തിൽ ഒറ്റപ്പാലം കണ്ണിയംപുറത്ത് അക്രമം നടത്തിയ സംഘത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. സിസി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പോലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു

ആക്രമണത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിക്കയറിയ വീടുകളിലൊന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. പ്രവർത്തകർക്ക് പുറകെ വാളുമായി ഓടിയെത്തിയ അക്രമിയും മറ്റൊരാളുമാണ് ദൃശ്യങ്ങളിലുള്ളത്. അകത്തു നിന്നും പൂട്ടിയ ഗ്രില്ലിനിടയിലൂടെ കൈയിട്ട് വാതിൽ തുറക്കാൻ ശ്രമിക്കുന്നതും, തുറക്കാൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലീസിന് കൈമാറിയ ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്നിന് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടയിലാണ് ഒറ്റപ്പാലത്ത് വ്യാപകമായ അക്രമമുണ്ടായത്. ഡിവൈഎഫ്ഐയുടെ കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിച്ചത് ചോദ്യം ചെയ്യുന്നതിനിടയിൽ ആയുധങ്ങളുമായെത്തിയ സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 3 ആർഎസ്എസ് പ്രവർത്തകർ പിടിയിലായിട്ടുമുണ്ട്. ദൃശ്യങ്ങൾ കൂടി പരിശോധിച്ച് മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.