കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. ഇന്നലെ കൊല്ലപ്പെട്ട രമിത്തിന്റെ സംസ്കാരം ഇന്ന് നടക്കും. തുടര്‍ച്ചയായ രണ്ട് കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. ഇന്നലെ രാത്രി കോഴിക്കോട് ഒരു ബിജെപി പ്രവര്‍ത്തകന്റെ കട കത്തിച്ചു.
രാവിലെ ആറു മണിക്ക് തുടങ്ങിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് എല്ലായിടത്തും പൂര്‍ണ്ണമാണ്. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി കോഴിക്കോട് പെരുവയലില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ കട കത്തിച്ചിരുന്നു. പെരുവയല്‍ മുണ്ടയ്ക്കല്‍ സ്വദേശി മനുവിന്റെ കടയാണ് കത്തിച്ചത്. കണ്ണൂരില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നിരോധനാജ്ഞ തുടരുന്നു. ഇന്നലെ കൊല്ലപ്പെട്ട രമിത്തിന്റെ മൃതദേഹം രാവിലെ 11 മണിക്ക് പിണറായിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. സിപിഎം പ്രവര്‍ത്തകന്റെയും ബിജെപി പ്രവര്‍ത്തകന്റെയും കൊലപാതകത്തിന് ഉത്തരവാദികളായ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഹര്‍ത്താല്‍ അറിയാതെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും ആളുകള്‍ കുടുങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷം ഇന്ന് ഹര്‍ത്താല്‍ കൂടി ആയതോടെ സംസ്ഥാനത്ത് ജനജീവിതം ഏതാണ്ട് സ്തംഭിച്ച മട്ടാണ്.
