രഥയാത്ര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അനുവാദം നല്‍കാത്തതെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. യാത്രയ്ക്ക് അനുമതി നല്‍കാത്തതിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്താനാണ് ബിജെപിയുടെ പദ്ധതി
ദില്ലി: ഹെെക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെ ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളിൽ മൂന്ന് രഥയാത്രകൾ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബിജെപിക്ക് അനുമതി നൽകിയിരുന്നു.
ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചത്. രഥയാത്ര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അനുവാദം നല്‍കാത്തതെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
യാത്രയ്ക്ക് അനുമതി നല്‍കാത്തതിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്താനാണ് ബിജെപിയുടെ പദ്ധതിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റ് മാത്രമേ സംസ്ഥാനത്ത് ബിജെപിക്കുള്ളൂ. അതിനാല്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി റാലികള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്.
ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മൂന്ന് റാലിയാണ് ബിജെപി നടത്തുന്നത്. ഡിസംബറില്‍ നടത്താനിരുന്ന റാലിക്കായി ഒക്ടോബറില്‍ തന്നെ അനുമതി നല്‍കണമെന്ന ആവശ്യവുമായി അപേക്ഷയും നല്‍കി. എന്നാല്‍, ഇത് പരിഗണിക്കാന്‍ വെെകിപ്പിച്ച സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ഇതിനെതിരെ കോടതിയെ സമീപിച്ച ബിജെപിക്ക് ആദ്യം തിരിച്ചടിയാണ് ലഭിച്ചത്. എന്നാല്‍, കൊല്‍ക്കത്ത ഹെെക്കോടതി സിംഗിള്‍ ബെഞ്ച് രഥയാത്രക്ക് അനുമതി നല്‍കി. പക്ഷേ, സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
