കോഴിക്കോട്: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിര്‍വ്വഹകസമിതിയഗം അഡ്വ പി.എസ് ശ്രീധരന്‍ പിള്ള. ഇരുമുന്നണികളിലേയും പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നിയമസഭാംഗങ്ങളും വൈകാതെ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡി.ജി.പി സ്ഥാനത്ത് തിരിച്ചെത്താന്‍ സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടത്തെ അഭിനന്ദിച്ചാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കുന്നത് . പോലീസ് നിയമം അട്ടിമറിക്കുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായി സെന്‍കുമാറിന്റെ പോരാട്ടം. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ഇത്തരം ഇത്തരം വ്യക്തിത്വങ്ങള്‍ക്കാകുമെന്നും ശ്രീധരന്‍പിള്ള പറയുന്നു. വിരമിച്ചതിന് ശേഷം പൊതുരംഗത്ത് തുടരുമെന്നാണ് സെന്‍കുമാര്‍ പറഞ്ഞതെന്നും അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ബി.ജെ.പിയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. ഉദ്യോഗസ്ഥരോ പൊതുസമ്മതരോ മാത്രമല്ല, ഇരുമുന്നണികളില്‍ നിന്നും വൈകാതെ ചില പ്രമുഖര്‍ കൂടി ബി.ജെ.പിയിലെത്തുമെന്നും ശ്രീധരന്‍പിള്ള സൂചന നല്‍കി.
സെന്‍കുമാറുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളില്ലെന്നാണ് സൂചന. എന്നാല്‍ രാഷ്‌ട്രീയ നിലപാട് സെന്‍കുമാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്ത സെന്‍കുമാര്‍ നന്മയുള്ളിടത്ത് താനുമുണ്ടെന്ന പ്രതികരണമാണ് നടത്തിയത്. അതേ സമയം ജനസംഖ്യയുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്‍റേതായി വന്ന അഭിപ്രായത്തെ സംഘപരിവാര്‍ അനുകൂല നിലപാടായും വ്യാഖ്യാനിക്കുന്നുണ്ട്.
