തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായടക്കമുള്ള കേന്ദ്രനേതാക്കള്‍ സമാപന യാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ജിഹാദി മുതല്‍ ചുവപ്പ് ഭീകരതവരെ. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി പയ്യന്നൂരില്‍ നിന്ന് ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം കണ്ണൂരായിരുന്നു. പിണറായി വഴി നടക്കുമെന്ന് പ്രഖ്യാപിച്ച് പാതിവഴിയില്‍ നിന്ന് തിരിച്ച് പോയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നടപടിയില്‍ തുടങ്ങി വാര്‍ത്തകളിലും വിവാദങ്ങളിലും ട്രോളുകളിലും വരെ നിറഞ്ഞ ജനരക്ഷാ യാത്ര. സ്മൃതി ഇറാനി അടക്കം കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥും ശിവരാജ് സിംങ് ചൗഹാനും അടക്കം സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ജാഥയില്‍ പലയിടങ്ങളില്‍ പങ്കാളികളായി. ഇടക്ക് റൂട്ട് മാറ്റി വേങ്ങരയിലെത്തിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി. ശ്രീകാര്യത്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തലസ്ഥാനജില്ലയിലെ പദയാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ യാത്രയെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് പട്ടം മുതലാണ് അമിത് ഷാ യാത്രയുടെ ഭാഗമാകുന്നത്. പാളയം വരെ തുറന്നജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ഷാ പുത്തരിക്കണ്ടം മൈതാനം വരെ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന ദേശീയ നേതാക്കളെക്കൂടാതെ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സികെ ജാനു തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്, വേങ്ങരയിലെയും ഗൂര്‍ദാസ് പൂരിലെയും കനത്ത തോല്‍വിക്ക് ശേഷം സമാപനസമ്മേളനത്തില്‍ അമിത്ഷാ എന്താണ് പറയുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.