മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗഡ്ചിരോളില്‍ ആണ് ബിജെപി നേതാവായ അജയ് യെന്‍ഗന്തി അറസ്റ്റിലായത്. പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ച അജയ്, വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ഹോസ്റ്റലിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 

സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. 

ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ വിവാഹിതയായ പെണ്‍കുട്ടി, ഭര്‍തൃ വീട്ടില്‍നിന്ന് ഒളിച്ചോടിയാണ് ഗഡ്ചിരോളില്‍ അജയുടെ അമ്മ നടത്തുന്ന ഹോസ്റ്റലില്‍ അഭയം തേടിയത്.  ഭര്‍തൃവീട് ഉപേക്ഷിച്ചെത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി പൊലീസ് എസ്‌ഐ തേജസ്വിനി പട്ടീല്‍ പറഞ്ഞു. 

അതേസമയം ഭരണത്തിലിരിക്കുന്ന ബിജെപിയുടെ നേതാവായതിനാല്‍ കേസ് ഫയല്‍ ചെയ്യാന്‍ വൈകിയെന്ന് പരാതിക്കാര്‍ ആരോപിച്ചു. മണല്‍ കോണ്‍ട്രാക്ടറായ യെന്‍ഗന്തി സംസ്ഥാന ഗോത്രവികസനകാര്യമന്ത്രി രാജെ അമ്പരിഷ് റാവുവിന്റെ സഹായിയാണ്. 

പൊലീസില്‍ പരാതി നല്‍കിയിട്ട് ഏറെ നാളായെങ്കിലും ശിശുക്ഷേമ സമിതി ഇടപെട്ടതിനെ തുടര്‍ന്നാണ് കേസ് എടുത്തതെന്നും മന്ത്രിയുമായി അജയ്ക്കുള്ള ബന്ധമാണ് കേസ് വൈകിപ്പിക്കുന്നതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

ഇതാദ്യമായല്ല, ഗഡ്ചിരോളില്‍ ഒരു ബിജെപി നേതാവ് പീഡനക്കേസില്‍ ഉള്‍പ്പെടുന്നത്. നേരത്തേ ഓടുന്ന ബസ്സില്‍ യുവതിയെ പീഡിപ്പിച്ചതിന് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു