ലക്‌നൗ: സമാജ്‍വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന പറഞ്ഞ ഭിന്നശേഷിക്കാരന് ബിജെപി നേതാവിന്‍റെ ക്രൂര മര്‍ദ്ദനം. ഉത്തർപ്രദേശിലെ ബിജെപി നേതാവ് മുഹമ്മദ് മിയയാണ് ഭിന്നശേഷിക്കാരനായ മനോജ് ഗുജ്ജർ എന്ന ഇരുപത്തിരണ്ടുകാരനെ ക്രൂരമായി മർദ്ദിച്ചത്.  

ഉത്തർപ്രദേശിലെ സാംബൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം. സബ് ഡിവിഷണൽ മജിസ്‍ട്രേറ്റില്‍ എത്തിയ മിയ അടക്കമുള്ള ബിജെപി നേതാക്കളെ കണ്ടതും താൻ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് മാത്രമായിരിക്കും വോട്ട് ചെയ്യുകയെന്ന് മനോജ് ഗുജ്ജർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇതിൽ പ്രകോപിതനായ മിയ വാഹനത്തിനുളളിൽനിന്ന് വടിയെടുത്ത് ഗുജ്ജറിനെ അടിക്കുകയും വായിൽ കുത്തിക്കയറ്റാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.  

അതേസമയം, വീഡിയോ വൈറലായതോടെ ന്യായീകരണവുമായി മുഹമ്മദ് മിയ രംഗത്തെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തിയ ഗുജ്ജർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മോശം വാക്കുകളാൽ അധിക്ഷേപിച്ചുവെന്ന് മിയ ആരോപിച്ചു. ഇതിൽ പ്രകോപിതനായാണ് അയാളെ മർദ്ദിച്ചതെന്നും ബിജെപിയെ അപമാനിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും മിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഗുജ്ജറിനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.