ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിനെ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി നേതാവായ മനോജ് താക്കറയെയാണ് ഇന്ന് രാവിലെ ഇന്‍ഡോറില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ബല്‍വാഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ മധ്യപ്രദേശില്‍ മരണപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ് താക്കറെ.

ഇതോടെ അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. ബിജെപി നേതാക്കളുടെ മരണം കോണ്‍ഗ്രസ് ക്രൂരമായ തമാശ പോലെ കാണുകയാണെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം മുഴുവന്‍ ചെറിയ സമയം കൊണ്ട് തന്നെ കോണ്‍ഗ്രസ് തകര്‍ത്തുവെന്ന് മുന്‍ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്ന വിഷയങ്ങളില്‍ കൃത്യമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പകല്‍ സമയത്ത് ഒരു കൊലപാതകം നടന്നിട്ട് പോലും അതിനെ നിസാരവത്കരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ബിജെപി വിമര്‍ശിക്കുന്നു.

ഇന്ന് രാവിലെ പ്രഭാത നടത്തത്തിനായി പോയ മനോജ് താക്കറയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോര പറ്റിയ നിലയില്‍ സമീപത്ത് നിന്ന് ഒരു കല്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കല്ല് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അന്വേഷണം നടക്കുകയാണെന്നും എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുമെന്നും ബല്‍വാഡി എഎസ്പി പറഞ്ഞു.  കഴിഞ്ഞ 17ന് മണ്ഡാസൂറില്‍ പ്രഹ്ളാദ് ബന്ദ്വാര്‍ എന്ന ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.