പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംതിട്ട കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ സന്നിധാനത്ത് അറസ്റ്റിലായ 72 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 72 പേരും ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 20,000 രൂപയുടെ വീതം ആൾ ജാമ്യം നൽകണം. റാന്നി ഗ്രാമന്യായാലയത്തിന്‍റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കോടതി നിർദേശങ്ങൾ അനുസരിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചു. അതേസമയം, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണു ചുമത്തിയിരിക്കുന്നത്.

ഇതിനിടെ, കണ്ണൂരില്‍  പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ടയച്ചു. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ. കണ്ണൂരിലേക്കുള്ള യാത്രയ്ക്കു വേണ്ടിവന്നാല്‍ പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, സുരേന്ദ്രനൊപ്പം ജാമ്യം കിട്ടിയ മറ്റുള്ളവരുടെ മോചനത്തിന് തടസമില്ല.