Asianet News MalayalamAsianet News Malayalam

ഗോവ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി അധ്യക്ഷനെ മാറ്റണമെന്ന് മുന്‍ മുഖ്യമന്ത്രി; കളം പിടിക്കാന്‍ കോണ്‍ഗ്രസും

സംസ്ഥാന ബിജെപിയില്‍ ഏറെ നാളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് പര്‍സേക്കറുടെ ആവശ്യമെന്നാണ് വ്യക്തമാകുന്നത്. അനാരോഗ്യത്തിന്‍റെ പേരില്‍ മന്ത്രി സ്ഥാനം ലഭിക്കാത്ത ഫ്രാന്‍സിസ് ഡിസൂസയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പര്‍സേക്കര്‍ ആവശ്യമുന്നയിച്ചത്. ഇത് കാര്യങ്ങളുടെ പുരോഗതി വ്യക്തമാക്കുന്നത്

bjp leader laxmikant parsekar want to change state chief
Author
Panaji, First Published Nov 9, 2018, 11:11 AM IST

പനാജി: ഗോവയിലെ ഭരണപ്രതിസന്ധിക്കിടെ ബിജെപിക്ക് തലവേദനയായി പാര്‍ട്ടിക്കുള്ളിലും കലാപം. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോഗ്യസ്ഥിതി മോശമായി ചികിത്സയില്‍ തുടരവെയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിയായി കലാപം ഉയരുന്നത്. സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറിനെതിരെ മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരസ്യമായി രംഗത്തെത്തിയത് കേന്ദ്ര നേതൃത്വത്തെയടക്കം ഞെട്ടിച്ചിട്ടുണ്ട്.

കാര്യശേഷിയില്ലാത്ത അധ്യക്ഷനെ മാറ്റണമെന്ന ആവശ്യമാണ് പര്‍സേക്കര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സ്വയം ഒഴിയാന്‍ വിനയ് തെണ്ടുല്‍ക്കര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്നും പര്‍സേക്കര്‍ വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന ബിജെപിയില്‍ ഏറെ നാളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് പര്‍സേക്കറുടെ ആവശ്യമെന്നാണ് വ്യക്തമാകുന്നത്. അനാരോഗ്യത്തിന്‍റെ പേരില്‍ മന്ത്രി സ്ഥാനം ലഭിക്കാത്ത ഫ്രാന്‍സിസ് ഡിസൂസയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പര്‍സേക്കര്‍ ആവശ്യമുന്നയിച്ചത്. ഇത് കാര്യങ്ങളുടെ പുരോഗതി വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം സ്വന്തമാക്കാനാകാത്ത കോണ്‍ഗ്രസും അവസരം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയിലെ പുതിയ സംഭവ വികാസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായി തുടരുന്ന മനോഹര്‍ പരിക്കറുടെ അഭാവവും ബിജെപിയെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാരെ പാളയത്തിലെത്തിച്ചെങ്കിലും ബിജെപിയുടെ അവസ്ഥ ഭദ്രമല്ല.

ഇടഞ്ഞു നില്‍ക്കുന്ന പര്‍സേക്കറുമായി കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച നടത്തിയതും ബിജെപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്. പര്‍സേക്കറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കര്‍. ഫ്രാന്‍സിസ് ഡിസൂസ്ക്കും പര്‍സേക്കറിനും മന്ത്രി സ്ഥാനമടക്കം വാഗ്ദാനം ചെയ്തതായും അഭ്യൂഹങ്ങളുണ്ട്. എന്തായാലും ഗോവയിലെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

Follow Us:
Download App:
  • android
  • ios