വനിതാമതില്‍ വിജയിപ്പിക്കാനായി തൊഴിലാളികളെ ഭയപ്പെടുത്തി അണിനിരത്താന്‍ അനുവദിക്കില്ല. അതേ സമയം വനിതാമതിലില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ കുടുംബശ്രീ തൊഴിലാളികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ ബിജെപി സംരക്ഷിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു

കൊച്ചി: വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് രംഗത്ത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് വനിതാ മതിലെന്ന് പറഞ്ഞ കൃഷ്ണദാസ് പൊതുഖജനാവിൽ നിന്ന് 50 കോടി മാറ്റി വച്ചതിലൂടെ ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊച്ചിയിൽ ആവശ്യപ്പെട്ടു.

വനിതാ മതിലില്‍ കുടുംബ ശ്രീയെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പതിനഞ്ചോളം കേന്ദ്ര പദ്ധതികളുടെ നോഡല്‍ എജന്‍സി സ്ഥാനത്ത് കുടുംബശ്രീ ഉണ്ടെന്ന കാര്യം മറക്കരുത്. വനിതാമതിലില്‍ കുടുംബശ്രീ അണിനിരന്നാല്‍ കേന്ദ്രപദ്ധതികളുടെ നോഡല്‍ എജന്‍സി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം നടത്തുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഇതിനുവേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ മടിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വനിതാമതില്‍ വിജയിപ്പിക്കാനായി തൊഴിലാളികളെ ഭയപ്പെടുത്തി അണിനിരത്താന്‍ അനുവദിക്കില്ല. അതേ സമയം വനിതാമതിലില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ കുടുംബശ്രീ തൊഴിലാളികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ ബിജെപി സംരക്ഷിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.