അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണ വിരുദ്ധതരംഗം അതിജീവിച്ച് തുടര്‍ച്ചയായ ആറാം തവണയും ബിജെപി അധികാരത്തിലെത്തുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ബിജെപിയ്ക്ക് സാധിച്ചു. നഗരങ്ങള്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഗുജറാത്തിലെ ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നു. കോണ്‍ഗ്രസില്‍ നിന്ന് ആദിവാസി മേഖലകള്‍ പിടിച്ചെടുത്തപ്പോള്‍ പട്ടികജാതി വിഭാഗം കോണ്‍ഗ്രസിന് പിന്നില്‍ ഉറച്ചു നിന്നു.

നഗര വോട്ടര്‍മാരും ആദിവാസി വോട്ടര്‍മാരുമാണ് ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ബിജെപിയെ കരകയറ്റിയത്. കോണ്‍ഗ്രസ് മുക്തഭാരതത്തിനായി ബിജെപിയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയ്ക്ക് പിന്തിരിഞ്ഞ് നിന്ന് വിലയിരുത്തലുകള്‍ക്ക് അവസരം നല്‍കുകയാണ് കോണ്‍ഗ്രസ് നല്‍കിയ വെല്ലുവിളി. ചില ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്ന വെല്ലുവിളികള്‍ പ്രചാരണ ഘട്ടത്തില്‍ അവഗണിച്ചതാണ് ബിജെപിയെ അല്‍പ നേരത്തേക്കെങ്കിലും വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സജ്ജമാക്കിയത്. 

സൗരാഷ്ട്രയിലും കച്ച് മേഖലകളിലുമുണ്ടായ തിരിച്ചടി ബിജെപി വിലയിരുത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാണി പോലും കഷ്ടിച്ചാണ് കടന്ന് കൂടിയത്. വിജയ് രൂപാണിക്കെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് ഇന്ദ്രാണി രാജ്ഗുരുവിന് സാധിച്ചിരുന്നു. നൂറ്റമ്പത് സീറ്റിലധികം നേടുമെന്ന പ്രവചനം നടന്നില്ലെങ്കിലും വിജയം നേടാനായതിന്റെ ആശ്വാസത്തിലാണ് ബിജെപി.

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചത് മുസ്ലിം പ്രാതിനിധ്യം കൂടിയ മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി. വോട്ട് നിലയില്‍ ബിജെപിയ്ക്ക് ഏറെ ആശ്വസിക്കാന്‍ ഒന്നുമില്ലെങ്കില്‍ കൂടിയും മുസ്ലിം മേഖലകള്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു.