എട്ട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഈ എട്ടിലൊന്ന് ജയസാധ്യത മുൻനിർത്തി ബിജെപി മുൻഗണന കൊടുക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ്
തിരുവനന്തപുരം: ജയസാധ്യതയുള്ള സീറ്റ് നൽകണമെങ്കിൽ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബിജെപി നിർദ്ദേശം ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. ആറ് സീറ്റെങ്കിലും ഇല്ലാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി. തുഷാറിന്‍റെ സ്ഥാനാർത്ഥിത്വവും ബിജെപി-ബിഡിജെഎസ് തർക്കത്തിന്‍റെ ഒരു പ്രധാന കാരണമാണ്.
എട്ട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഈ എട്ടിലൊന്ന് ജയസാധ്യത മുൻനിർത്തി ബിജെപി മുൻഗണന കൊടുക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവയിലൊന്നെങ്കിലും വേണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തിലും പത്തനംതിട്ടയിലും ബിജെപി വിട്ടുവീഴ്ചക്കില്ല, എന്നാൽ തുഷാർ ഇറങ്ങിയാൽ തൃശൂരോ പാലക്കോടോ, കോഴിക്കോടോ തരാമെന്നാണ് ബിജെപി വച്ച നിർദ്ദേശം.
ബിജെപി തൃശൂർ ജില്ലാ ഘടകമാകട്ടെ കെ.സുരേന്ദ്രനു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. എന്നാൽ തുഷാർ ആകട്ടെ മത്സരിക്കാൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സ്പൈസസ് ബോർഡ് ചെയർമാനും ബിഡിജെഎസ് ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസുവും സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന നിലപാടിലാണ്.
നേതാക്കൾ ഇല്ലെങ്കിൽ പിന്നെ എ പ്ലസ് പോയിട്ടും കൂടുതൽ സീറ്റുപോലും കൊടുക്കേണ്ടെന്ന നിലപാടുള്ളവരും ബിജെപിയിലുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബിഡിജെഎസിനെ ചേർത്ത് എൻഡിഎ ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ സീറ്റ് വിഭജനതർക്കത്തിൽ ദേശീയ നേതൃത്വം തന്നെയായിരിക്കും അന്തിമതീരുമാനം എടുക്കുക.

അതിനിടെ ബിഡിജെഎസിൽ പലകാര്യങ്ങളിലും ഭിന്നതയും നിലനിൽക്കുന്നുണ്ട്. വനിതാ മതിലിലടക്കം തുഷാറിൻറെ പല നിലപാടുകളോടും വൈസ് ചെയർമാൻ അക്കീരമൺ കാളിദാസഭട്ടതിരിപ്പാടിന് എതിർപ്പുണ്ട്.
