ദില്ലി: ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിന് ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ തുടക്കമായി. ജനാധിപത്യത്തില്‍ അക്രമത്തിനു സ്ഥാനമില്ലെന്നും കേരളത്തിലെ സിപിഎം പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. 2017ല്‍ ഉത്തര്‍പ്രദേശിലടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

ഉത്തര്‍പ്രദേശ് പിടിക്കാന്‍ മിഷന്‍ 265 എന്ന ലക്ഷ്യവുമായാണു യുപിയുടെ രാഷ്ടീയ ഹൃദയ ഭൂമിയായ അലഹാബാദില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ യോഗത്തിലുടനീളം പങ്കെടുക്കുന്നുണ്ട്. വികസനത്തിനു തടസം നില്‍ക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതെന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അസമില്‍ നേടിയ വിജയം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ മെച്ചപ്പെടാന്‍ വഴിയൊരുക്കുമെന്നും അമിത്ഷാ ഉദ്ഘാടനം സെഷനില്‍ പറഞ്ഞു.

കേരളത്തില്‍ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും ജനാധിപത്യവും അക്രമവും ഒരുമിച്ച് പോകില്ലെന്നും അമിത്ഷാ പറഞ്ഞു. യുപി തെരഞ്ഞെടുപ്പ് കൂടാതെ ഗോവ, പഞ്ചാബ്, ഉത്തരാഘണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും രണ്ടു ദിവസത്തെ യോഗം ചര്‍ച്ചചെയ്യും. നിര്‍വ്വാഹക സമിതിക്കു മുന്നോടിയായി ഭാരവാഹികളുടെ യോഗത്തില്‍ രാഷ്ട്രീയ സാമ്പത്തിക പ്രമേയങ്ങളുടെ കരടിന് അംഗീകാരം നല്‍കി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ പ്രശംസിച്ചും ഒരു പ്രമേയം ഉണ്ടാകും. സംസ്ഥാന അധ്യക്ഷന്മാര്‍, സംഘടനാ സെക്രട്ടറിമാര്‍, ദേശീയ ഭാരവാഹികള്‍, , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംപിമാര്‍ അടക്കം 300ഓളം പ്രതിനിധികളാണു യോഗത്തില്‍ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി നാളെ സംസാരിക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ട് അലഹാബാദില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും നരേന്ദ്രമോദി സംസാരിക്കും.