മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ബന്ധുവിന്റെ കല്യാണ വിരുന്നിൽ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയും. ദാവൂദിന്റെ ഭാര്യ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജനും എം എല്‍ എമാരുമാണ് വിവാദത്തിലായിരിക്കുന്നത്. ഗിരീഷ് മഹാജനും ബിജെപി എംഎൽഎമാര്‍ക്കും ഒപ്പം നാസിക് മേയറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

എന്നാല്‍ ചെറുക്കന്റെ ബന്ധുക്കള്‍ ക്ഷണിച്ചിട്ടാണ് കല്യാണത്തിനു പോയതെന്നും പെണ്ണുവീട്ടുകാർക്ക് ദാവൂദുമായുള്ള ബന്ധം അറിയില്ലായിരുന്നെന്നും മന്ത്രി ഗിരീഷ് മഹാജൻ പിന്നീട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാസിക് പൊലീസ് കമ്മീഷണർ രവീന്ദ്ര സിംഗാളിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ് നിർദേശം നൽകി.

മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനായ ദാവൂദ് ഇബ്രാഹിം വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ദാവൂദുമായുളള ബിജെപി നേതാക്കളുടെ ബന്ധം മുമ്പും വിവാദമായിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവും റവന്യൂമന്ത്രിയുമായിരുന്ന ഏകനാഥ് ഖഡ്സെയ്ക്ക് ദാവൂദിന് ഫോണ്‍ ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് അടുത്തകാലത്താണ്.