പൊലീസ് ഉദ്യോഗസ്ഥന് ബിജെപി നേതാവിന്റെ മര്‍ദ്ദനവും വധഭീഷണിയും  ബിജെപി എംഎല്‍എയായ ചമ്പാലാല്‍ ദേവ്ദയാണ് പൊലീസിനെ ക്രൂരമായി മർദ്ദിച്ചത്

ഇന്‍ഡോര്‍: പൊലീസ് ഉദ്യോഗസ്ഥന് ബിജെപി നേതാവിന്റെ മര്‍ദ്ദനവും വധഭീഷണിയും. മദ്ധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ ചമ്പാലാല്‍ ദേവ്ദയാണ് പൊലീസിനെ ക്രൂരമായി മർദ്ദിച്ചത്. പൊലീസ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മ‌ര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അനുഷ്‌മാന്‍ സിംഗ് പറഞ്ഞു.

ദേവ്ദയുടെ ബന്ധുവായ ഒരാള്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തുകയും പൊതുജനങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭാഗത്തേക്ക് കടക്കുകയും ചെയ്‌തു. ഇവിടെ ഉണ്ടായിരുന്ന വെള്ളക്കുപ്പിയുമെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു കോണ്‍സ്റ്റബിള്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ എംഎല്‍എയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തി. 

സ്റ്റേഷനില്‍ എത്തിയ ദേവ്ദ കോണ്‍സ്റ്റബിളായ സന്തോഷിനെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനക്കേസിലെ പ്രതികളാണ് എംഎൽഎയുടെ കൂടെയുണ്ടായിരുന്നവർ. ദേവ്ദയുടെ മരുമകൻ പീഡനകേസിലെ പ്രതികളെ സഹായിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.പൊലീസിനെ മർദ്ദിക്കുന്നത് സിസിടിവിയിൽ വ്യക്തമായി കാണാമായിരുന്നു. എംഎൽഎ ദേവ്ദ ഇപ്പോൾ ഒളിവിലാണെന്നും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.