ഹൈദരാബാദ്: മാര്‍ച്ച് 19ന് ഹൈദരാബാദില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനില്‍ക്കണമെന്ന് ബിജെപി എംഎല്‍എ രാജാ സിങ്. പിണറായി വിജയന്‍ പരിപാടിക്ക് എത്തിയാല്‍ തടയുമെന്ന് വീഡിയോ സന്ദേശത്തിലൂടെ രാജാ സിങ് വ്യക്തമാക്കി. കേരളത്തില്‍ നിരവധി ഹിന്ദു സഹോദരങ്ങളെ സിപിഎമ്മുകാര്‍ കൊല ചെയ്‌തിട്ടുണ്ട്. അതിനുകാരണക്കാരായ പാര്‍ട്ടിയുടെ പ്രതിനിധിയായ മുഖ്യമന്ത്രി തെലങ്കാനയില്‍ എത്തുമ്പോള്‍ തങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ സാധിക്കില്ലെന്ന് ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ രാജാ സിങ് പറഞ്ഞു.

പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നല്‍കരുതെന്ന് രാജാ സിങ് തെലങ്കാന സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടു. പിണറായി വിജയന്‍ പരിപാടിക്ക് എത്തിയാല്‍ തടയാന്‍ താന്‍ തന്നെ മുന്നിലുണ്ടാകുമെന്നും രാജാ സിങ് പറഞ്ഞു. അതേസമയം തെലങ്കാനയില്‍ സിപിഎമ്മോ സിപിഐയോ ഏതെങ്കിലും പൊതുപരിപാടി സംഘടിപ്പിക്കുന്നതിന് താനോ ബിജെപിയോ എതിരല്ലെന്നും രാജാ സിങ് പറഞ്ഞു.

തെലങ്കാനയില്‍ സിപിഎം സംഘടിപ്പിക്കുന്ന മഹാജന പദയാത്രയുടെ സമാപനത്തോട് അനുബന്ധിച്ച പൊതുയോഗത്തിലാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. അഞ്ചുമാസത്തോളം നീണ്ട പദയാത്രയുടെ സമാപനം മാര്‍ച്ച് 19ന് നിസാം കോളേജ് മൈതാനത്താണ് സംഘടിപ്പിച്ചിരിക്കുന്നത്.