യുപിയിൽ ബിജെപി എംഎല്‍എ ബലാത്സം​ഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രം​ഗത്ത് എംഎല്‍എയ്‌ക്കെതിരെ നടിപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പൊലീസിനോട്‌ പറഞ്ഞു

ബുഡാൻ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ബലാത്സം​ഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രം​ഗത്ത്. ബിസൗളി നിയോജകമണ്ഡലത്തിലെ എംഎൽഎയായ കുഷാ​ഗ്ര സാ​​ഗറിനെതിരെയാണ് ആരോപണം. ബലാത്സംഗം ചെയ്‌ത വിവരം പുറത്ത്‌ പറഞ്ഞാല്‍ കൊല്ലുമെന്ന്‌ സാഗര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി ആരോപിച്ചു.

എംഎല്‍എയ്‌ക്കെതിരെ നടിപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പൊലീസിനോട്‌ പറഞ്ഞു. ഈ പ്രശ്‌നം ഒത്ത്‌ തീര്‍പ്പാക്കാൻ 20 ലക്ഷം രൂപ തരാമെന്ന്‌ മുന്‍ എംഎല്‍എ യോഗേന്ദ്ര സാഗര്‍ തന്നോട്‌ പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. വിവാഹം ചെയ്യാമെന്ന്‌ പറഞ്ഞ്‌ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്‌ യുവതി ആരോപിച്ചു. 

സംഭവത്തില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണം തുടങ്ങിയതായും പോലീസ്‌ പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള പുതിയ തന്ത്രമാണ്‌ ഇതെന്ന്‌ സാഗര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ ഏത്‌ അന്വേഷണത്തിന്‌ എവിടെ വേണമെങ്കിലും താന്‍ വരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 17നാണ്‌ സാഗറിന്റെ വിവാഹം.