ദില്ലി: ബിജെപി എംപി സാക്ഷി മഹാരാജ് പുതിയ വിവാദത്തില്‍. പൊതുവേദിയില്‍ പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് സാക്ഷി മഹാരാജിനെ വെട്ടിലാക്കിയത്. മദ്യ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് റെയ്ഡ് നടത്തിയ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെത്തിയാണ് സാക്ഷി മഹാരാജ് പെണ്‍കുട്ടിയോട് ജീന്‍സ് അഴിച്ച് മ‍ദ്ദനത്തിന്റെ പാടുകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടത്.

റെയ്ഡ് നടത്തുന്നതിനിടെ വീട്ടിലെ സ്‌ത്രീകളെയും പോലീസുകാര്‍ ആക്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകന്‍ പരാതിപ്പെട്ടിരുന്നു.ഇതോടെയാണ് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ ബിജെപി എംപി പരിശോധകനായത്. ചുറ്റുമുള്ള സ്‌ത്രീകളുമായി സംസാരിക്കുന്നതിനിടെ കസേരയില്‍ ഇരുന്ന് കൊണ്ട് പെണ്‍കുട്ടിയോട് ജീന്‍സിന്റെ ബട്ടണ്‍ അഴിക്കാന്‍ സാക്ഷി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കൗമാരക്കാരി വിസ്സമതിക്കുന്നുണ്ടെങ്കിലും സമീപമുള്ള സ്‌ത്രീകള്‍ തന്നെ മുന്‍ കൈയ്യെടുത്ത് സാക്ഷിക്ക് മുന്നില്‍ ജീന്‍സ് അഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എംപി സാക്ഷിക്ക് സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്. പോലീസ് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കാണാനാണ് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നും വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇല്ലാതെയാണ് പോലീസ് ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയതെന്നുമാണ് എംപി സാക്ഷിയുടെ വിശദീകരണം .

ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ പോലീസിനെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ് ഭീഷണിപ്പെടുത്തിയതുമായി ഈ സംഭവത്തിനു ബന്ധമുണ്ട്. പോലീസിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംപിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കടപ്പാട്-ഇന്ത്യാ ടുഡേ