ദില്ലി: ബിജെപിയുടെ പുതിയ ആസ്ഥാനമന്തിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലാണ് ബിജെപിയുടെ പുതിയ ഓഫീസ് മന്ദിരം. മുതിര്‍ന്ന നേതാവ് എല്‍.കെ അധ്വാനി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.
അഞ്ചുനിലയിലാണ് മന്ദിരം. ഭാരവാഹികൾക്കുള്ള ഓഫീസ് മുറികൾ, കണ്വൻഷൻ ഹാൾ, ലൈബ്രറി, മീഡിയ റൂം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത്. 70 മുറികളാണ് ആകെയുളളത്. 2016ല്‍ മോദിയും അമിത് ഷായും ചേര്‍ന്നായിരുന്നു മന്ദിരത്തിന് തറക്കല്ലിട്ടത്. വെറും ഒന്നര വര്‍ഷം കൊണ്ടാണ് കൊട്ടാര സദൃശ്യമായ കെട്ടിടടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
635 ജില്ലകളിൽ സ്വന്തം ഓഫീസ് നിർമ്മിക്കും എന്ന് അമിത് ഷാ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ജീവൻ നല്‍കിയാണ് പ്രവർത്തകർ പാർട്ടി വളർത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിയെ നയിക്കുന്നത് തികഞ്ഞ ജനാധിപത്യ ബോധമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം നീരവ് മോദി തട്ടിപ്പിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. ബിജെപി ഓഫീസ് ഉദ്ഘാടന വേദിയിൽ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
