മാഹി ബിജെപി ഒാഫീസിന് നേരെ ആക്രമണം ബാബുവിന്‍റെ മൃതദേഹവുമായി വിലാപയാത്രക്കിടെയായിരുന്നു ആക്രമണം 

മാഹി: പള്ളൂരില്‍ ബിജെപി ഒാഫീസിന് നേരെ ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. മാഹി പള്ളൂരില്‍ ബിജെപി ഒാഫീസിന് തീയിട്ടു. പ്രതിഷേധക്കാര്‍ പുതുച്ചേരി പൊലീസിന്‍റെ ജീപ്പ് കത്തിച്ചു. 

രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ നടത്തുകയാണ്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജുമാണ് തിങ്കളാഴ്ച്ച രാത്രിയോടെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45ഓടുകൂടിയാണ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്‍റെ മകൻ ബാബു കൊല്ലപ്പെട്ടത്. പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുന്‍ കൗണ്‍സിലറുമായിരുന്നു. ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.

സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ന്യൂമാഹിയിൽ ഒാട്ടോറിക്ഷ ഡ്രൈവറായ ആ‌ർഎസ്എസ് പ്രവർത്തകന്‍ ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഇതേതുടർന്ന് വൻ പൊലീസ് സന്നാഹം മാഹിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലിസ്.

സിപിഎം നേതാവും മുന്‍മാഹി നഗരസഭാഗംവുമായ ബാബുവിനെ വെട്ടിക്കൊന്നക്കേസില്‍ നാല് പ്രതികളെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താൻ രാജേഷ്, മഗ്നീഷ്, കാരക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം നേരത്തേയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നവരാണെന്ന് പോലീസ് പറയുന്നു. 

അതേസമയം, എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സിസിടിവികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.