Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി; ഗവര്‍ണറെ കണ്ടു

ശബരിമല പ്രശ്നത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി കേന്ദ്രസംഘം.

bjp politicians meet governor
Author
thiruvanathapuram, First Published Dec 2, 2018, 5:09 PM IST

 

തിരുവനന്തപുരം: ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും, നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്  ബിജെപി കേന്ദ്രസംഘം ഗവർണർ പി സദാശിവത്തിന് പരാതി നൽകി. കെ സുരേന്ദ്രനെതിരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും പരാതിയിൽ പറയുന്നു. ബിജെപി നേതാക്കൾ ഉന്നയിച്ച വിഷയം മുഖ്യമന്ത്രിയുടെയും, ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണറുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊലീസ് നടപടികളെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പിന്നീട് നേതാക്കള്‍ പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.   

ശബരിമല സമരം അവസാനിപ്പിച്ചതിൽ ദേശീയ നേതൃത്വം  അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അമിത് ഷാ നിയോഗിച്ച നാലംഗ സമിതി സംസ്ഥാനത്തെത്തിയത്. ശബരിമലസമരവുമായി ബന്ധപ്പെട്ട്  സംസ്ഥാന ബിജെപി നേൃത്വത്തിലുള്ള ഭിന്നത പരിഹരിക്കണമെന്ന  ദേശീയ നേതൃത്വത്തിന്‍റെ താക്കീത് നാലംഗ സമിതി  സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

ശബരിമലയിലെ സമരം മയപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച ദേശീയ നേതൃത്വം സമരം ശക്തമാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. മണ്ഡലകാലം മുഴുവൻ ശബരിമലയിലും പുറത്തും സമരം സജീവമായി നിർത്താനുള്ള  പദ്ധതിക്ക് രൂപം നൽകാനാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള സമര പരിപാടികളെക്കുറിച്ചും ബിജെപി കോർ കമ്മറ്റി അംഗങ്ങളുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. കെ സുരേന്ദ്രന്‍റെ ജയിൽ മോചനം വരെ തെരുവിലും സമരം ശക്തമാക്കാനാണ് നിർദ്ദേശം.

ശബരിമല സമരത്തിന് നേതൃത്വം നല്‍കുന്ന സംഘപരിവാർ പിന്തുണയുള്ള സംഘടനയായ ശബരിമല കർമ സമിതി അംഗങ്ങളെയും കേന്ദ്രനേതാക്കൾ കണ്ടു. ജയിലിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനേയും സംഘം അടുത്ത ദിവസം കാണുന്നുണ്ട്.  ശബരിമല സമരത്തിന്‍റെ നിലവിലെ സ്ഥിതിയും സമരം ശക്തമാക്കാനുള്ള നിർദ്ദേങ്ങളും നാലംഗ സമിതി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ടായി നൽകും.

Follow Us:
Download App:
  • android
  • ios